പേജുകള്‍‌

2013, മാർച്ച് 5, ചൊവ്വാഴ്ച

കണ്ടംഡ്‌ സെല്‍ഫോണ്‍

കണ്ടംഡ്‌ സെല്‍ഫോണ്‍

കരഫോണുകള്‍ പിരിയന്‍കമ്പികളില്‍
കറങ്ങി തലചുറ്റിക്കിടന്നു.
ആണ്ടുകളുടെ നേര്‍ച്ചകള്‍ക്കൊടുവില്‍
അവ കനിഞ്ഞിങ്ങണഞ്ഞപ്പോള്‍
ഇരിപ്പറകളില്‍ നനുത്തതുണി മൂടി
അവ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു.
ഇടയ്ക്കിടെ മൂളലണച്ചവര്‍
ചത്തുപോയി വീണ്ടുമുയിര്‍ത്തിരുന്നു.
ശബ്ദവിളംബരത്തിന്‍ വാതായനം
തുറന്നിരുന്നു, നമ്മില്‍ ആശ്വാസകൂജനം.
വിരലോടിടഞ്ഞ്‌ വില്ലയവില്ലാത്ത
മുഖവട്ടം ധരിച്ച,വരുടെ വയോധികര്‍;
പൊരുത്തമില്ലാശ്രുതി മീട്ടി
വിരലിടിയില്‍ മൂളിക്കൊണ്ടിവരും
മണിമുഴക്കത്തിന്‍ ഏകതാനത്തില്‍
ഉദ്വേഗം ചെത്തിക്കൂര്‍പ്പിച്ചു;
ഒരുവിളിയില്‍ പലയാളെ
വിളിച്ചടുപ്പിക്കും മണിക്കലാശം.
എല്ലാം കേട്ടിട്ടും പറഞ്ഞിട്ടുമൊടുക്കം
ഫോണ്‍ വച്ചു നാം മടങ്ങി,
വിധിയുടെ മുഖദാവിലുടയാത്ത
അവധൂതമനമായ്‌,സര്‍വം പിന്നിട്ട്‌.
ഇന്ന്‌,സെല്‍ഫോണ്‍കാലത്ത്‌
ഫോണ്‍ വയ്ക്കട്ടെയെന്നത്‌
ആണ്ടുപോയ ഒരു ശീല്‌,
വയ്ക്കാന്‍ ഒരു തട്ടുണ്ടായിട്ടല്ല.
ഒടുക്കം എന്നിലേക്കുതന്നെ
ഫോണ്‍ വച്ചിട്ട്‌ ഞാനാകുന്നു,
ഞാനകലുന്നു,ഞാനലയുന്നു.
എന്നില്‍ വിങ്ങിനില്‍ക്കുമെന്തോ
തരിച്ചും ചിലച്ചും പാടിയും
എന്നിലേക്കെന്നെയുണര്‍ത്തുന്നു.

6 അഭിപ്രായങ്ങൾ: