പേജുകള്‍‌

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

മസ്തിഷ്കമരണം

മസ്തിഷ്കമരണം

"ഇരുന്നൊ?",ഗിയറേറ്റും മുന്‍പ്‌
ഭാര്യയോട്‌ ഒരുവട്ടംകൂടി,
"ഉവ്വ്‌",വഴിക്കാഴ്ചകളിലേക്ക്‌
ചരിഞ്ഞിരുന്നവള്‍ പറഞ്ഞു.
പിന്‍ഭാഗമൊഴിച്ചിട്ടാണ്‌
ബൈക്കുകളധികം കാണൂക,
ജോലിത്തിരക്ക്‌ വിട്ട്‌
അവധിത്തിരക്കിലേക്കിറങ്ങും വരെ.
ഡോക്ടറെ കാണണം, ഒരു മുഴ,
അതാണിന്ന്‌ നിറബൈക്കില്‍.
യാത്രയുടെ കരിങ്കടല്‍ച്ചാല്‌,
അക്ഷമയുടെ കടലടി,
ധൃതി സര്‍വത്ര,
ചിനച്ചും ചിലച്ചും ചക്രഭാവം.
അവന്‍-കണ്ണും കാതും കൂര്‍പ്പിച്ച്‌;
അവള്‍-മനോഗണിതത്തിന്‍
പെരുക്കപ്പട്ടിക ചൊല്ലി;
ആധാര്‍ കാര്‍ഡ്‌, അയല്‍ക്കൂട്ടം,
മൂത്തോളുടെ പത്തിലെ പരീക്ഷ,
ഇളയവണ്റ്റെ മുഖത്തെ ചുണങ്ങ്‌,
നടുവിലോളുടെ ജിമുക്കി
ശരിയാക്കാന്‍ തട്ടാണ്റ്റടുത്ത്‌,
രാത്രീലെ കൂട്ടാന്‍ അടച്ചു
വച്ചിരിക്കുമൊ, ചേട്ടണ്റ്റെയമ്മ
അതു നോക്കുമോ,
സന്ധ്യയ്ക്ക്‌ കുട്ടികളെയും?
ടക്ക്‌,ബൈക്കിലുരുമ്മി
ലോറിയുടെ ലോഹനാദം,
ഠപ്പ്‌,ഒരു തല
റോഡിനും പിന്‍ചക്രത്തിനുമിടെ.
മനസ്സിലെ എഞ്ചുവടി-
പ്പുസ്തകം കൊട്ടിയടച്ചത്‌
സര്‍പ്പമിഴഞ്ഞപോലൊരു വടു
ഇവിടെ ശേഷിക്കുന്നുണ്ട്‌-
ജീവിതത്തിനു പൊടുന്നനെ
ബ്രേക്കിടുമ്പോള്‍ വരുന്നത്‌.
അവന്‍- കഥപറയാന്‍
ബാക്കിയാം അര്‍ദ്ധപ്രാണന്‍.

2 അഭിപ്രായങ്ങൾ: