പേജുകള്‍‌

2014, നവംബർ 30, ഞായറാഴ്‌ച

ട്രെയി-നീ

ചെമ്മണ്‍തിട്ട;
കല്ലുപാകി, തടിപാകി
ഉരുക്കാട മുറുക്കി,
പാളം നിരത്തി,
പൂമാലയണിഞ്ഞ്,
ആദ്യട്രെയിനോടിയന്ന്‍
നാട് രണ്ടായ്‌ മുറിഞ്ഞു.
അങ്ങേ മുറീന്ന്‍
ഇങ്ങേ മുറീലേക്ക്
കാവല്‍ത്തടയടച്ചും
തുറന്നും നാട്ടൊഴുക്ക്‌
മെരുങ്ങി.
ആളും സൈക്കിളും
തടവെട്ടിച്ച്
പാളം ചാടിലും
കനം വച്ച വണ്ടികള്‍
തടതുറയും കാത്ത്‌,
പുറകേയ്ക്ക് തുറക്കുന്ന
തടയുടെ നീളം
ഗണിച്ച് അകലം
കുറിച്ചു നിന്നു.
(ക്രാങ്ക് കറക്കി
മേലോട്ടുയര്‍ത്തുന്ന
തടകളന്നായിട്ടില്ല.)
ആളിത്രയും കാത്തു-
നിന്നിട്ടും കൂകിവിളിച്ച്
ആരെയും കാണാന്‍
നിനയ്ക്കാതോടിപ്പായും,
ഇരുമ്പിലിരുമ്പലയ്ക്കുന്ന
ചൂടും ബഹളവും
ശുചിമുറിച്ചൂരും
ചൊരിഞ്ഞു, വണ്ടി.
പൊട്ടബുദ്ധിയില്‍
പാളത്തിലേക്കോടി-
ത്തുലയുന്നാളും ആടും
പട്ടിയും കുട്ടിയും.
കയറും തീയും
ഒതളക്കായും പിന്നെ
തലവയ്ക്കാന്‍ പാളവും-
സ്വയംകൊലയുടെ
നാട്ടറിവ് തിങ്ങുന്നു.
***
കൂടെയോടിയിട്ടും
തെല്ലുമടുക്കാത്ത
പാളനീളം പോല്‍
തമ്മിലുരുമാത്ത
പ്രയാണങ്ങള്‍
കുറുകെ താണ്ടാന്‍
കൊതിക്കുന്നു.
ചില കുതിപ്പുകള്‍
ബലമോടു വഴിനേടവേ
വഴിയടഞ്ഞോര്‍ മടുത്തും
വിയര്‍ത്തും കാക്കവേ,
ഗുരുവാം പ്രവേഗങ്ങള്‍
തിണ്ണ കുലുക്കി
മതില്‍ പിളര്‍ത്തി
ഉറക്കം കെടുത്തി,
നിലം തൊട്ടു വാഴുന്ന
എന്‍റെ വീടും കുടിയും
തകര്‍ക്കവേ, ഞാന്‍
ഒന്ന് ചോദിപ്പൂ:
"ലോഹനാദം എന്നെയു-
ലക്കുന്നതല്ലാതെ,
തീവണ്ടിയുടെ
ലോഹക്കൂടുരിഞ്ഞ്
നിന്‍റെ നിയോഗങ്ങള്‍
എന്നിലേക്കിറങ്ങാതെ,
നിന്‍ വഴിയിലെ
താപമോദങ്ങളറിയാതെ
യാത്രികാ, എനിക്കും
നിനക്കുമെന്തു ബന്ധം?"
***
ഒടുവില്‍ ഓടിക്കിതച്ച്
വണ്ടിത്താവളത്തില്‍
വേഗമണച്ച്
വണ്ടി മയങ്ങവേ
നിന്നെ ഞാനതില്‍
കണ്ടു, നീയെന്നെയും.
ഓടിയത് മുഴുവന്‍
നീയല്ല വണ്ടിയാകിലും
ഒരു വണ്ടിക്കാളപോല്‍
നീ തളര്‍ന്നിരുന്നു,
ഞാനുമങ്ങനെയെന്ന്‍
നിന്‍റെ കണ്ണില്‍ ഞാന്‍ കണ്ടു.
യാത്രാരഥങ്ങളില്‍ പാഞ്ഞിട്ടും
നമ്മുടെ കിതപ്പും
വായ്‌നുരയുമൊ-
ഴിയുന്നതേയില്ല.